ഫോര്‍മലിന്‍ ചേര്‍ത്ത മീന്‍ കഴിച്ചാല്‍ എന്തു സംഭവിക്കും!?

ച്ചക്കറിയിലെ കീടനാശിനി പ്രയോഗത്തെയും ഹോര്‍മോണ്‍ കോഴികളെയും ഭയന്നാണ് മലയാളി മത്സ്യത്തെ കൂട്ടുപിടിച്ചത്. ഊര്‍ജവും പോഷകങ്ങളും നിറഞ്ഞ മത്സ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന ഡോക്ടര്‍മാരുടെ ശുപാര്‍ശ കൂടി വന്നപ്പോള്‍ 85 ശതമാനം മലയാളികളും മത്സ്യം കഴിക്കുന്നവരായി. എന്നാല്‍ നിത്യവും വാങ്ങിക്കഴിക്കുന്ന മത്സ്യത്തില്‍ മൃതശരീരം കേടുവരാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഫോര്‍മലിനും ആരോഗ്യത്തിന് ഹാനികരമായ അമോണിയയും ക്ലോറിന്‍ ഡൈ ഓക്‌സൈഡും മറ്റും അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോള്‍ ഒരു ചോദ്യമേ നമ്മുടെ മുമ്പിലുള്ളൂ. ഇങ്ങനെ പോയാല്‍ എന്തുകഴിക്കും നമ്മള്‍?

എന്താണ് ഫോര്‍മലിന്‍

ഫോര്‍മാല്‍ഡിഹൈഡ് വാതകം (CH2O) 30- 50 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് ഫോര്‍മലിന്‍ തയ്യാറാക്കുന്നത്. ശക്തിയേറിയ അണുനാശിനിയാണ് ഇത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും പത്തോളജി ലാബില്‍ സ്‌പെസിമെനുകള്‍ സൂക്ഷിക്കാനും മറ്റും ഫോര്‍മലിന്‍ ഉപയോഗിക്കുന്നു. ഈ ഫോര്‍മലിനാണ് മത്സ്യം കേടുകൂടാതെയിരിക്കാനും മത്സ്യത്തിന്റെ മാംസഭാഗത്തിന് ഉറപ്പുണ്ടാക്കാനും ഇപ്പോള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.  മത്സ്യത്തിലെ പ്രോട്ടീനുമായിച്ചേരുമ്പോഴാണ് ഫോര്‍മലിന്‍ മത്സ്യത്തിന് കട്ടിയുണ്ടാക്കുന്നത്. ചെറിയ അളവിലാണെങ്കില്‍ പോലും ദീര്‍ഘനാള്‍ ഉള്ളിലെത്തുമ്പോഴാണ് ഫോര്‍മലിന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത്. 

കടല്‍ മത്സ്യങ്ങള്‍ ഫ്രീസ് ചെയ്ത് സൂക്ഷിക്കുമ്പോള്‍ അവയുടെ ശരീരത്തില്‍ ചെറിയ അളവില്‍ ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടാറുണ്ട്. മത്സ്യത്തിലടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സംയുക്തമായ ട്രൈ മീഥൈല്‍ അമിന്‍ ഓക്‌സൈഡ് വിഘടിക്കുമ്പോഴാണ് ഫോര്‍മാല്‍ ഡിഹൈഡ് ഉണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുന്ന ഫോര്‍മാല്‍ഡിഹൈഡ് ഉടന്‍തന്നെ മറ്റു രാസഘടകങ്ങളുമായി വിഘടിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമായ അളവില്‍ ഉണ്ടാകാറില്ല. ഫോര്‍മലിന്‍ പലതരത്തിലുള്ള ഹ്രസ്വകാല-ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

ഉദരരോഗങ്ങള്‍

രക്തത്തിലൂടെയും മറ്റും ഉള്ളിലെത്തുന്ന ഫോര്‍മലിന്‍ വായ മുതല്‍ കുടല്‍ വരെയുള്ള ദഹനേന്ദ്രിയ വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളായ ശ്ലേഷ്മസ്തരത്തിന് കേടുപാടുകള്‍ വരുത്തുന്നു. അന്നനാളത്തിലെയും ആമാശയത്തിലെയും നേര്‍ത്ത സ്തരത്തിനുണ്ടാകുന്ന വിള്ളലുകളും വ്രണങ്ങളും ഗുരുതരമായ രക്തസ്രാവത്തിന് കാരണമാകാം. ഫോര്‍മലിനില്‍ ചേര്‍ക്കുന്ന മെഥനോള്‍ ആമാശയപേശികള്‍ ചുരുങ്ങാനും ഫോര്‍മലിനെ കുടലിലേക്ക് പുറന്തള്ളുന്ന പ്രക്രിയ മന്ദീഭവിക്കാനും കാരണമാകാം. ആമാശയഭിത്തിയുമായി കൂടുതല്‍ നേരം സമ്പര്‍ക്കത്തില്‍ വരുന്ന ഫോര്‍മലിന്‍ ആമാശയ വ്രണങ്ങളും ഗുരുതരമായ ആന്തരിക രക്തസ്രാവവും ഉണ്ടാകാന്‍ കാരണമാകുന്നു. ചെറുകുടലിലെയും വന്‍കുടലിലെയും ഉള്‍സ്തരങ്ങളിലും അമ്ലസ്വഭാവമുള്ള ഫോര്‍മലിന്‍,  വിള്ളലുകളിലൂടെ വ്രണങ്ങള്‍ ഉണ്ടാക്കാം. വയറുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം, രക്തം ഛര്‍ദിക്കുക, നെഞ്ചെരിച്ചില്‍, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങി വിവിധ ഉദരരോഗ ലക്ഷണങ്ങള്‍ ഫോര്‍മലിന്‍ വിഷബാധയെ തുടര്‍ന്നുണ്ടാകാം. 

മെറ്റബോളിക്  അസിഡോസിസ്

ഫോര്‍മലിനും അതോടൊപ്പം ചേര്‍ക്കാറുള്ള മെഥനോളും രാസമാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനെത്തുടര്‍ന്ന് ഫോര്‍മിക് ആസിഡ്, ലാക്ടിക് ആസിഡ് തുടങ്ങി രാസഘടകങ്ങള്‍ രൂപപ്പെടുന്നു. രക്തത്തിലെ ആസിഡ് നില ഉയരുന്നത് (പി.എച്ച്. 7.35 -ല്‍ താഴെ) പലതരത്തിലുള്ള മസ്തിഷ്‌കസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും ഹൃദ്രോഗത്തിനും കാരണമാകാം. അപസ്മാരം, രക്തസമ്മര്‍ദം കുറയുക, ഹൃദയസ്പന്ദന താളത്തില്‍ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ മെറ്റബോളിക് അസിഡോസിസിനെ തുടര്‍ന്നാണ് ഉണ്ടാകുന്നത്.

അലര്‍ജിയുടെ പ്രശ്‌നങ്ങള്‍

ഫോര്‍മാല്‍ഡിഹൈഡ് സംയുക്തങ്ങള്‍ പലതരത്തിലുള്ള ശ്വാസകോശ അലര്‍ജിക്കും ചര്‍മത്തിലും കണ്ണിലുമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും കാരണമാകാം. തൊഴില്‍പരമായും മറ്റും ഈ രാസഘടകവുമായി നിരന്തരം ബന്ധപ്പെടുന്നവരിലാണ് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കണ്ണിന് ചുറ്റിലും ചൊറിച്ചില്‍, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അലര്‍ജിയെ തുടര്‍ന്ന് ഉണ്ടാകാം. ദീര്‍ഘകാല ശ്വാസകോശരോഗമായ ആസ്ത്മ അധികരിക്കാനും ഫോര്‍മലിന്‍ അലര്‍ജി കാരണമാകാം.

ഫോര്‍മലിനും കാന്‍സറും 

ഫോര്‍മിന്റെ മൂലരൂപമായ ഫോര്‍മാലിഡിഹൈഡ് കാന്‍സര്‍കാരിയായ രാസവസ്തുവായിട്ടാണ് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫോര്‍മാല്‍ഡിഹൈഡുമായി നിരന്തരം ബന്ധപ്പെടുന്ന ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ മൂക്കിലും തൊണ്ടയിലും കാണപ്പെടുന്ന കാന്‍സറിന്റെ നിരക്ക് വര്‍ധിച്ചതായി ചില പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 

കോശങ്ങളില്‍ ക്രോമസോം വ്യതിയാനങ്ങളുണ്ടാക്കാനും ജീന്‍ മ്യൂട്ടേഷനും ഫോര്‍മാല്‍ഡിഹൈഡിന് കഴിയും. ഈ രാസവസ്തുവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന കോശങ്ങളില്‍ മാത്രമേ ജനിതകവ്യതിയാനങ്ങള്‍ ഉണ്ടാവുകയുള്ളൂ. വിദൂരകോശങ്ങളില്‍പോലും മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പുള്ള ശക്തിയേറിയ കാന്‍സര്‍കാരികളല്ല ഫോര്‍മാല്‍ഡിഹൈഡ് എന്ന് ചുരുക്കം. 

ഫോര്‍മാല്‍ഡിഹൈഡ് രക്തകോശങ്ങളിലും വായിലെയും മൂക്കിലെയും കോശങ്ങളിലും ഉണ്ടാക്കുന്ന ജനിതകവ്യതിയാനങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭിക്കുന്നതുവരെ ഫോര്‍മലിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഉചിതം. 

അമോണിയ

രൂക്ഷഗന്ധമുള്ള നിറമില്ലാത്ത വാതകമാണ് അമോണിയ. പ്രധാനമായും രാസവള ഉത്പാദനത്തിനാണ് ഉപയോഗിക്കുന്നത്. കൂടാതെ പ്ലാസ്റ്റിക്, കീടനാശിനികള്‍, ഡൈ തുടങ്ങിയവയുടെ ഉത്പാദനത്തിനും ഉപയോഗിക്കുന്നു. അമോണിയ വാതകം ശ്വസിക്കുന്നതിനെ തുടര്‍ന്ന് മൂക്കിലും വായിലും പൊള്ളലുണ്ടാകാനും ശ്ലേഷ്മസ്തരം അടര്‍ന്നു പോകാനും ഇടയുണ്ട്. ശ്വാസകോശത്തിലെത്തുന്ന അമോണിയ ശ്വാസകോശത്തിന്റെ നീര്‍ക്കെട്ടിനും ചുമയ്ക്കും ശ്വാസംമുട്ടലിനും ഇടയാക്കാം. അമോണിയ ലായനിയുമായി ബന്ധപ്പെടുന്നത് ചര്‍മത്തിലെ അലര്‍ജിക്കും പൊള്ളലിനും കാരണമാകാം. അമോണിയ ഉള്ളിലെത്തുന്നത് വായിലെയും അന്നനാളത്തിലെയും ആമാശയംത്തിലെയും മൃദുസ്തരത്തില്‍ പൊള്ളലുണ്ടാക്കും. ശ്ലേഷ്മസ്തരത്തില്‍ വിള്ളലുണ്ടാകുന്നത് രക്തസ്രാവത്തിനും ഇടയാക്കും.

ക്ലോറിന്‍ ഡൈ ഓക്‌സൈഡ്

ശക്തിയേറിയ അണുനാശിനിയാണ് ക്ലോറിന്‍ ഡൈ ഓക്‌സൈഡ്. മത്സ്യം കേടുകൂടാതെയിരിക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. വായിലും അന്നനാളത്തിലും ആമാശയത്തിലുമുള്ള ശ്ലേഷ്മസ്തരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കാന്‍ ഈ രാസവസ്തുവിന് കഴിയും. കൂട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. വാതകരൂപത്തില്‍ ശ്വസിക്കുന്നതിനെ തുടര്‍ന്ന് മൂക്ക്, തൊണ്ട, ശ്വാസനാളം തുടങ്ങിയ ഭാഗങ്ങളില്‍ നീര്‍ക്കെട്ടും ശ്വാസതടസ്സവും ഉണ്ടാകാം.

Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive