തളിപ്പറമ്പ്: ഗതാഗത കുരുക്ക് ഒഴിവാക്കാൻ തളിപ്പറമ്പ് നഗരത്തിൽ മണിക്കൂറുകളോളം നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുവാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. മെയിൻ റോഡ്, ദേശീയപാതയോരം, ബസ് സ്റ്റാൻഡ് കോംപ്ലക്സ് പരിസരം, താലൂക്ക് ഓഫിസ് കോംപൗണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഒക്ടോബർ 15 മുതൽ പാർക്കിങ് ഫീസ് ഈടാക്കുവാൻ തീരുമാനിച്ചത്.
പ്രസ്തുത സ്ഥലങ്ങളിൽ ആദ്യത്തെ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് 10 രൂപയും മറ്റുള്ളവയിൽ നിന്ന് 20 രൂപയും ഈടാക്കും. അടുത്ത മണിക്കൂറിൽ ഇത് 20ഉം 40ഉം ആയി മാറും. പിന്നീടുള്ള ഓരോ മണിക്കൂറിനും ഇതിന്റെ ഇരട്ടി വീതം വാങ്ങും. തളിപ്പറമ്പ് ടൗണിലെ റോഡരികിൽ രാവിലെ വാഹനങ്ങൾ നിർത്തിയിടുന്നവരിൽ ഭൂരിഭാഗവും വൈകുന്നേരം മാത്രമേ ഇവ തിരിച്ചെടുക്കുന്നുള്ളൂ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയമിക്കും.
യോഗത്തിൽ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാൽ, എം.ചന്ദ്രൻ, വി.താജുദ്ദീൻ, കെ.എസ്.റിയാസ്, കെ.എം.ലത്തീഫ്, പി.പി.മോഹനൻ, എംവിഐ ജെ.എസ്.ശ്രീകുമാർ, എസ്ഐ കെ.പ്രശോഭ്, സി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.







No comments:
Post a Comment